പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച് അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഡി ശില്പ. വിധിയിൽ വളരെ സന്തോഷമുണ്ടെന്ന് ശില്പ പ്രതികരിച്ചു.
‘അന്വേഷണ സമയത്ത് നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. ഗ്രീഷ്മ കേസ് വഴിതെറ്റിക്കാൻ പലതവണ ശ്രമിച്ചു. പക്ഷേ തെളിവ് ശേഖരിച്ച് കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. ഇത് ഒരു ടീമായി നടത്തിയ അന്വേഷണമാണ്. അമ്മവാന് മൂന്ന് വർഷം മാത്രമാണ് തടവ് ശിക്ഷ വിധിച്ചത്. അത് അപ്പീൽ കൊടുക്കാൻ കഴിഞ്ഞാൽ കൊടുക്കും’,- അന്വേഷണ ഉദ്യോഗസ്ഥ ശില്പ വ്യക്തമാക്കി.
ഷരോൺ കേസ് ടീം വർക്കിന്റെ വിജയമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ ജെ ജോൺസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാത്രി പകലോളം ജോലി ചെയ്താണ് പൊലീസ് ടീം ഷാരോൺ കേസിലെ തെളിവുകൾ കണ്ടെത്തിയത്. അന്വേഷണം വഴിതിരിച്ച് വിടാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. പിടിച്ചുനിൽക്കാനാകാതെ ഉത്തരം മുട്ടിയപ്പോഴാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചതെന്നും ജോൺസൺ വ്യക്തമാക്കി.
ഷരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.