തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല; നിലപാട് വ്യക്തമാക്കി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നും പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലെ ദയനീയമായ മൂന്നാംസ്ഥാനം ഇത്തവണ തലസ്ഥാനത്ത് ആവര്‍ത്തിക്കരുതെന്ന് ഉറപ്പിച്ചാണ് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ സിപിഐ നേതൃത്വം മത്സരത്തിന് നിര്‍ബന്ധിക്കുന്നത്. പികെവിയുടെ വിയോഗ ശേഷം 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജയിച്ച പന്ന്യൻ പിന്നീടിങ്ങോട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് താല്പര്യം കാണിച്ചിട്ടില്ല. അതിന് ശേഷം തിരുവനന്തപുരത്ത് സിപിഐ നിലം തൊട്ടിട്ടുമില്ല. രാഷ്ട്രീയ പ്രാധാന്യവും സാഹചര്യവും കണക്കിലെടുത്ത് മത്സരത്തിനൊരുങ്ങണമെന്ന സിപിഐ നേതൃത്വത്തിന്റെ ആവശ്യം.

വയനാട്ടിൽ ആനി രാജയ്ക്കാണ് മുൻതൂക്കം. കാര്യം ഇന്ത്യ സഖ്യത്തിന്‍റെ മുന്നണിയിലൊക്കെ ഉണ്ടെങ്കിലും വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരത്തിനെത്തിയാൽ ദേശീയ പ്രാധാന്യമുള്ള മറ്റൊരു മുഖമെന്ന നിലയ്ക്കാണ് ആനി രാജയെ പരിഗണിക്കുന്നത്. പ്രധാനമന്ത്രി നേരിട്ടിറങ്ങി കളം കടുപ്പിച്ച തൃശ്ശൂരിൽ ഇപ്പോൾ തന്നെ ഇടത് സ്ഥാനാർത്ഥി പരിവേഷം വിഎസ് സുനിൽകുമാറിനുണ്ട്. സിപിഎമ്മിന് പണ്ടേ പ്രിയം. മറ്റൊരു പേര് ഇതുവരെ പാര്‍ട്ടിക്കകത്തോ പുറത്തോ ചര്‍ച്ചയിൽ പോലും ഇല്ല. മാവേലിക്കരയിൽ എഐവൈഎഫ് നേതാവ് സിഎ അരുൺ കുമാറിന്റെ പേരും ഏറെക്കുറെ ഉറച്ച് കഴിഞ്ഞു. എഐവൈഎഫ് ആലപ്പുഴ മുൻ ജില്ലാ പ്രസിഡണ്ടാണ് അരുൺ.

Leave a Reply

Your email address will not be published. Required fields are marked *