തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ടുപോയാല്‍ കര്‍ശന നടപടി; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

മണ്ഡല-മകരവിളക്ക് കാലത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ടുപോയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ശബരിമല സര്‍വീസില്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ വാക്കാലുള്ള നിര്‍ദേശം. ആയിരത്തോളം ബസുകളാണ് ശബരിമല തീര്‍ഥാടനത്തിനായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ട് പോകരുത്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകള്‍ സര്‍വീസ് നടത്തരുത് എന്നതുള്‍പ്പടെയാണ് നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍.

ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ കെഎസ്ആര്‍ടിസി പാലിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മിഷണര്‍ ഉറപ്പാക്കണം. ഇവ ലംഘിച്ചാല്‍ കടുത്ത നടപടിയെടുക്കുമെന്നുമാണ് ഹൈക്കോടതിയുടെ നിലപാട്. തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. 18-ാം പടിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ചുക്കുവെള്ളവും ബിസ്‌ക്കറ്റുമടക്കം തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിച്ചു. എല്ലാ ദിവസവും മൂന്ന് നേരവുമുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബോര്‍ഡ് ദേവസ്വം ബെഞ്ചിനെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *