തീരപ്രദേശത്തെ സ്ത്രീകളിലെ വര്‍ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി.സതീദേവി. തീരദേശ ക്യാമ്പിന്റെ ഭാഗമായി എറണാകുളം ചെല്ലാനം സന്ദര്‍ശിച്ച് ശേഷമായിരുന്നു പ്രതികരണം.
ചെല്ലാനത്തെ സ്ത്രീകളില്‍ പലരും ശ്വാസകോശരോഗങ്ങളും ത്വക്ക് സംബന്ധമായ നിരവധി ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. സ്ത്രീകളില്‍ അര്‍ബുദം വര്‍ധിച്ചു വരുന്നതായി ജനപ്രതിനിധികളും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആവശ്യമാണെന്നും ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം കാണാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും സതീദവി പറഞ്ഞു.
തീരദേശത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കി പരിഹരിക്കാനാണ് വനിതാ കമ്മിഷന് തീരദേശ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. തീരദേശത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് ക്യാമ്പിലൂടെ കമ്മിഷന് ലക്ഷ്യമിടുന്നത്.