സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറിൻറെ തട്ടം പരാമർശം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തളളിയെങ്കിലും നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് രംഗത്ത്. പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം. തിരുത്ത് കൊണ്ട് മാത്രം തീരുന്ന വിഷയം അല്ല. ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്. ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീർ ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു.