തെക്കു പടിഞ്ഞാറ് ഡൽഹിയിൽ പതിനേഴുകാരിയുടെ നേർക്ക് ആസിഡ് ആക്രമണം. ദ്വാരക മേഖലയിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പിതാവ് അറിയിച്ചു.
മുഖത്തിനു നേർക്കു ഒഴിച്ച ആസിഡ് പെൺകുട്ടിയുടെ കണ്ണുകളിലും വീണിട്ടുണ്ട്. പ്രതികളായ രണ്ടുപേരെയും പെൺകുട്ടി തിരിച്ചറിഞ്ഞു. ഇവരിൽ ഒരാളെ പൊലീസ് പിടികൂടി. പതിനേഴും പതിമൂന്നും പ്രായമുള്ള തന്റെ മക്കൾ നടന്നുപോയപ്പോഴാണ് സംഭവമെന്ന് പിതാവ് അറിയിച്ചു. ആരും ശല്യം ചെയ്യുന്നതായി പെൺകുട്ടി അറിയിച്ചിരുന്നില്ലെന്നും സഹോദരിമാർ ഇരുവരും മെട്രോയിൽ കയറിയാണ് സ്കൂളിലേക്കു സ്ഥിരം പോകുന്നതെന്നും കുടുംബം പറഞ്ഞു.
രണ്ടു പെൺകുട്ടികൾ വഴിയിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയവർ പതിനേഴുകാരിയുടെ നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ഉടൻതന്നെ അതികഠിനമായ വേദനയിൽ മുഖംപൊത്തി പെൺകുട്ടി ഓടുന്നതും കാണാം.
സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ എന്തുകൊണ്ടാണ് ആസിഡ് വിൽപ്പന നിരോധിക്കാതിരിക്കുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാൽ ചോദിച്ചു.