ഡ്രൈവര്‍ പുറത്തുപോയപ്പോള്‍ ഓടിക്കാന്‍ ശ്രമിച്ചു; ജെസിബി മറിഞ്ഞ് അടിയില്‍ കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം

കോട്ടയത്ത് ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്.

വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്.  രാജു സ്വയം ജെസിബി ഓടിക്കുന്നതിനിടയില്‍ മറിഞ്ഞ് ഒരു റബര്‍ മരത്തിനിടയിലേക്ക് വീണു. മരത്തിനും ജെസിബിക്കും ഇടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്.

ഒരു മണിക്കൂറോളം കഴിഞ്ഞ് പാലായില്‍ നിന്ന് പൊലീസ് എത്തിയാണ് മുതദേഹം പുറത്തെടുത്തത്. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിദേശത്തായിരുന്ന രാജു നാട്ടിലെത്തിയ ശേഷമാണ് വീടു പണി ആരംഭിച്ചത്. ടൈല്‍ ഇടുന്ന ജോലി നടന്നു വരികയാണ്. അതിനിടെ മുറ്റം ലവലാക്കി ചുറ്റുമതില്‍ കെട്ടാനാണ് ജെസിബി വിളിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *