ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കർശന നിർദ്ദേശം നൽകി ഡിജിപി. എന്നാൽ വിഐപികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കുന്നതായിരിക്കില്ല. പിഴയൊടുക്കാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.
ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പോലീസുകാരിൽ നിന്ന് തന്നെ പിഴ ഈടാക്കണമെന്ന് ഡിജിപി പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പിഴയടക്കില്ലെന്ന് പോലിസുകാർ നിലപാട് എടുക്കുകയുണ്ടായി. പിഴ ഈടാക്കുന്നതിലെ ബുദ്ധിമുട്ട് ജില്ലാ പോലീസ് മേധാവിമാര്‍ ഡിജിപിയെ അറിയിച്ചു. ഇതോടെയാണ് അകമ്പടി, അന്വേഷണം, അടിയന്തിര സാഹചര്യം എന്നിവയ്ക്കുള്ള യാത്രയിലെ അമിത വേഗവും റെഡ് ലൈറ്റ് മറികടക്കലും പിഴയിൽ നിന്ന് ഒഴിവാക്കിയത്.