ജോർദ്ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേലി(47)ന്റെ മൃതദേഹം തുമ്ബയിലെ വീട്ടിലെത്തിച്ചു. നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
തുമ്ബ സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് സംസ്കാരം. ഫെബ്രുവരി 10-നാണ് ജോർദാൻ-ഇസ്രയേല്‍ അതിർത്തിയില്‍വെച്ച് ജോർദാൻ സേനയുടെ വെടിയേറ്റ് തോമസ് ഗബ്രിയേല്‍ (അനി തോമസ്) കൊല്ലപ്പെട്ടത്.തോമസിനോടൊപ്പം ജോർദാനിലേക്ക് പോയ ബന്ധുവായ മേനംകുളം സ്വദേശി എഡിസൻ ചാള്‍സ് കാലിന് വെടിയേറ്റ് ദിവസങ്ങള്‍ക്ക് മുൻപ് നാട്ടിലെത്തിയിരുന്നു. ചികിത്സക്ക് ശേഷം എഡിസനെ ജോർദാൻ ഇന്ത്യയിലേക്ക് മടക്കിയയക്കുകയായിരുന്നു.ഫെബ്രുവരി അഞ്ചിനാണ് തോമസ് ജോർദാനിലേക്ക് പോയത്. നേരത്തേ കുവൈറ്റിലായിരുന്ന ഇയാള്‍ അഞ്ച് വർഷം മുൻപ് മടങ്ങി വന്നശേഷം നാട്ടില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. ഫെബ്രുവരി ഒമ്ബതിന് ജോർദാനിലെത്തിയെന്ന് പറഞ്ഞ് തോമസ് വിളിച്ചിരുന്നതായി ഭാര്യ ക്രിസ്റ്റീന പറഞ്ഞിരുന്നു. ഇതിന് ശേഷം നാട്ടിലേക്ക് വിളിച്ചിട്ടില്ല. വെടിയേറ്റ നിലയില്‍ എഡിസൻ നാട്ടില്‍ വന്നശേഷമാണ് തോമസിന്റെ മരണവിവരം വീട്ടുകാർ അറിഞ്ഞത്.