ചീറ്റപ്പുലികളുടെ മരണത്തിൽ ആശങ്ക, മറ്റു വനങ്ങൾ കൂടി കണ്ടെത്തിക്കൂടെയെന്ന് സുപ്രീം കോടതി

മധ്യപ്രദേശിലെ കുനോ വനങ്ങൾ മാത്രമാണോ ചീറ്റപ്പുലികളെ പാർപ്പിക്കാൻ അനുയോജ്യമായ വനം? മറ്റു വനങ്ങൾ ഇന്ത്യയിൽ ഇല്ലേ? സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. ആഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ കുടിയിരുത്തിയ പുലികളിൽ മൂന്നെണ്ണം മരിച്ചു. 1945 മുതൽ ചീറ്റപ്പുലികളുടെ വംശം ഇന്ത്യയിൽ നശിച്ചുപോയതിനാലാണ് പുലികളെ കൊണ്ടുവരാൻ കേന്ദ്രം പദ്ധതി നടപ്പിലാക്കിയത്.

എല്ലാ പുലികളെയും എന്തിനു കുനോയിൽ പാർപ്പിക്കുന്നു? മറ്റു വനങ്ങൾ ഇന്ത്യയിൽ കണ്ടെത്തിക്കൂടെ? രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കൂടി നോക്കരുതോ? അതിനെന്താണ് തടസ്സമെന്ന് കോടതി ചോദിച്ചു. പുതിയ വനങ്ങൾ വിദഗ്ദ്ധർക്കു കണ്ടെത്താൻ കഴിയില്ലേ? പദ്ധതി പ്രകാരം ഇനിയും പുലികൾ വരും. അവയെല്ലാം ഒരിടത്തതന്നെ പാർക്കേണ്ടതുണ്ടോ? കുനോ പോരാതെ വരില്ലേ?

പുതിയ വനങ്ങൾ കണ്ടെത്തുന്നതിൽ രാഷ്ട്രീയം വേണ്ടെന്നു കോടതി പറഞ്ഞു. ഒരു പുലി മരിച്ചത് വൃക്കരോഗം മൂലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രോഗമുള്ളത് കണ്ടെത്തിയിരുന്നില്ലേ? കോടികൾ ചെലവഴിച്ചിട്ടാണ് ആഫ്രിക്കയിൽനിന്നു പുലികളെ കൊണ്ടുവന്നത്. ഗുജറാത്തിൽ വംശനാശം നേരിടുന്ന സിംഹങ്ങളിൽ കുറച്ചെണ്ണത്തിനെ കുനോയിൽ മാറ്റിപാർപ്പിക്കാൻ 2013-ൽ കോടതി ഉത്തരവിട്ടത് ഇന്നും നടപ്പാക്കിയില്ല. സംഹങ്ങളെ വിട്ടുനൽകാൻ ഗുജറാത്ത് തയ്യാറായില്ല. കോടതിവിധി അങ്ങനെ കാറ്റിൽപ്പറത്തി.

സിംഹങ്ങൾ ഗുജറാത്തിന്റെ അഭിമാനമാണ് എന്നാണ് ഗുജറാത്തിന്റെ ഉറച്ച നിലപാട്. മറ്റു വനത്തിലേക്കു വിട്ടുകൊടുക്കില്ല. കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *