ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്ന് എൻസിഇആർടി പിന്മാറണം: പാളയം ഇമാം

രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഫലം ആശ്വാസം നൽകുന്നതാണെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കർഷകരോഷം, അടിസ്ഥാന സൗകര്യമില്ലായ്മ, തൊഴിലില്ലായ്മ ഇതിനെതിരെയുള്ള തെരഞ്ഞെടുപ്പായിരുന്നു. വർഗീയ അജണ്ട ആര് മുന്നോട്ടു വച്ചാലും അത് നടക്കില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു സുഹൈബ് മൗലവി.

മനുഷ്യർക്കിടയിൽ ഉള്ള സ്നേഹം ശക്തിപ്പെടുത്തണം. പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾ വിശ്വാസികൾ ആകുന്നില്ല. സാഹോദര്യവും സൗഹൃദവും ശക്തിപ്പെടുത്തണം. പാഠപുസ്തകത്തില്‍ നിന്ന് എൻസിആർടി ബാബരി മസ്ജിദിന്റെ പേര് വെട്ടിമാറ്റി. ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിൽ നിന്ന് എൻസിഇആർടി പിന്മാറണം. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളത്തെ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാസങ്ങൾ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല. ഭരണകൂടം നിഷ്ക്രിയരായി. ഭരണകൂടത്തിനെതിരായ വിധിയെഴുത്താണ് പിന്നീട് മണിപ്പൂരിൽ കണ്ടത്. വിദ്വേഷ പ്രസംഗങ്ങൾക്ക് രാജ്യത്ത് ഭാവിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്.കൊടും വർഗീയത നിറഞ്ഞ വാക്കുകൾ അധികാരികൾ പറഞ്ഞു.

വെറുപ്പിന്‍റെ അങ്ങാടിയിൽ സ്നേഹത്തിന്‍റെ കട തുറക്കുകയാണ് ജനങ്ങൾ ചെയ്തത്.അമിതമായ ആത്മവിശ്വാസം നമ്മെ വഞ്ചിതരാക്കരുത്.വർഗീയതയെ വർഗീയത കൊണ്ടോ തീവ്രവാദത്തെ തീവ്രവാദം കൊണ്ടോ തോൽപ്പിക്കാൻ കഴിയില്ലെന്നും പാളയം ഇമാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *