ഗുരു സനാതനധർമ്മി അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേട്; പരസ്യമായി മാപ്പ് പറയണം: കെ സുരേന്ദ്രൻ

ശ്രീനാരായണ ധര്‍മ്മത്തെ ശിവഗിരിയിൽ അവഹേളിച്ച മുഖ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുദേവനെ കേവലം ഒരു സാമൂഹിക പരിഷ്കർത്താവായി മാത്രം കാണുന്നത് പിണറായി വിജയന് വരേണ്യ മനസ്സുള്ളത് കൊണ്ടാണ്.

ഗുരുദേവൻ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അവതാര പുരുഷനാണ്. അദ്ദേഹം 60 ഓളം കൃതികൾ ഹിന്ദു ദൈവങ്ങളെ സ്തുതിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ സനാതന ധർമ്മത്തെ നിർവചിച്ച മഹാത്മാവാണ് ഗുരുദേവൻ. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ അവഹേളിച്ചവരുടെ പാരമ്പര്യമാണ് പിണറായി വിജയനുള്ളത്. 

കേവല ഭൗതിക വാദി എന്ന നിലയിലാണ് ഹിന്ദുക്കളെയും ഹൈന്ദവ പാരമ്പര്യങ്ങളെയും പിണറായി വിജയന്‍ ആക്ഷേപിച്ചതെങ്കില്‍ അതേ മാനദണ്ഡമുപയോഗിച്ച് മറ്റ് മതങ്ങളെയും ആക്ഷേപിക്കാനുള്ള ചങ്കൂറ്റം പിണറായിക്കുണ്ടാകുമോ?  കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ പോലുള്ളവരുടെ മുന്നില്‍ മുട്ടിട്ട് നില്‍ക്കുന്ന പിണറായി വിജയന്റെ ചിത്രമാണ് നമ്മള്‍ ഈയിടെ കണ്ടത്. മറ്റ് യുക്തിവാദികള്‍ ചെയ്യുന്നതുപോലെ ഖൂര്‍ ആനെയോ  വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോ.

മറ്റ് മത വിശ്വാസങ്ങളെ ഇതേ തള്ളിപ്പറയാന്‍ സി.പി.എമ്മും പിണറായി വിജയനും തയ്യാറാകുമോ. ഗുരുദേവൻ സനാതന ധർമ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണ്. ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ പോയി സനാതന  ധര്‍മ്മത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ നിലപാട് അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും മുഖ്യമന്ത്രി പദവിക്കും യോജിച്ചതല്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *