ഗാർഹിക പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി രാഹുലിന്റെ അമ്മയും സഹോദരിയും, ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി നൽകുന്ന സമയപ്രകാരം പെൺകുട്ടിയെ വിളിച്ചു വരുത്തിയാവും മൊഴിയെടുക്കുക. അതേസമയം ചികിൽസയിൽ കഴിയുന്ന പ്രതിയുടെ അമ്മയും, സഹോദരിയും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.

ഹർജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. അത് വരെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘമുള്ളത്. പ്രതിക്കെതിരെയുള്ള ബ്ലൂ കോർണർ നോട്ടീസിന് മറുപടി കിട്ടിയാൽ ഉടൻ നടപടികൾ പൂർത്തിയാക്കി റെഡ് കോർണർ നോട്ടിസ് നൽകാൻ കഴിയുമോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

ഗാർഹിക പീഡന കേസിൽ രാഹുലിനൊപ്പം ഇയാളുടെ അമ്മയെയും സഹോദരിയെയും യഥാക്രമം രണ്ടും മൂന്നും പ്രതികളായി ചേർത്തിട്ടുണ്ട്. ഇതിനിടെ, രാഹുലിൻറെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം, ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിരുന്നു. കാറിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇതിൽ ഫൊറൻസിക് ശാസ്ത്രീയ പരിശോധന നടത്തും. യുവതിയുടെ കഴുത്തിൽ കുരുക്കിയതെന്ന് കരുതുന്ന കേബിളും അന്വേഷണ സംഘത്തിന് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *