ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ഫാ.യൂജിൻ പെരേര; 5 വർഷം മന്ത്രി സ്ഥാനം കിട്ടാൻ ശുപാർശ തേടി

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ വെളിപ്പെടുത്തലുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ് യൂജിൻ പെരേര. മന്ത്രിസ്ഥാനം കിട്ടാന്‍ ആന്റണി രാജു ലത്തീന്‍ സഭയുടെ സഹായം തേടിയെന്നാണ് ഫാദര്‍ യൂജിന്‍ പെരേരയുടെ വെളിപ്പെടുത്തല്‍. രണ്ടര വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷവും മന്ത്രിസ്ഥാനം കിട്ടാന്‍ സഭയെ കൊണ്ട് ശുപാര്‍ശ ചെയ്യിക്കാനാണ് ആന്റണി രാജു സമീപിച്ചത്. ഇത് നിഷേധിക്കാന്‍ ആന്റണി രാജുവിന് കഴിയുമോ എന്നും യൂജിന്‍ പെരേര വെല്ലുവിളിച്ചു.

താന്‍ ലത്തീന്‍ സഭയുടെ മാത്രം മന്ത്രിയല്ല എന്ന ആന്റണി രാജുവിന്റെ പ്രതികരണത്തോടായിരുന്നു ഫാദര്‍ യൂജിന്‍ പെരേരയുടെ പ്രതികരണം.’നില്ക്കുന്ന നിലയ്ക്ക് കണ്ടം ചാടുന്ന ആളാണ് ആന്റണി രാജു. 5 വര്‍ഷത്തേക്കുമുള്ള മന്ത്രി സ്ഥാനത്തിന് ഓശാരം പറയിക്കാന്‍ എന്നെ നേരിട്ട് വന്ന് കണ്ടയാളാണ് അദ്ദേഹം. ഒന്നല്ല പലതവണ കണ്ടിട്ടുണ്ട്’. യൂജിന്‍ പെരേര വെളിപ്പെടുത്തി.

സഭയുടെ പ്രതിനിധിയായി രണ്ടാം പിണറായി മന്ത്രിസഭയിലെത്തുന്നതിന് ശുപാര്‍ശക്കായി ആന്റണി രാജു പല തവണ സമീപിച്ചിരുന്നതായി അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേരയുടെ വെളിപ്പെടുത്തല്‍.എല്‍ഡിഎഫിലെ മുന്‍ ധാരണപ്രകാരം രണ്ടര വര്‍ഷം എന്ന ടേം വ്യവസ്ഥ താന്‍ അംഗീകരിക്കുമെന്ന് ആന്റണി രാജു പറയുമ്പോഴും, അഞ്ച് വര്‍ഷം മന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ചരട് വലി അദ്ദേഹം നടത്തിയിരുന്നു എന്നാണ് യൂജിന്‍ പേരെരയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മത്സ്യതൊഴിലാളികള്‍ക്കായി ആന്റണി രാജു ഒന്നും ചെയ്തിട്ടില്ലെന്നും മത്സ്യതൊഴിലാളികളുടെ കുത്തക ആരും ആന്റണി രാജുവിന് നല്‍കിയിട്ടില്ലെന്നും യൂജിന്‍ പെരേര വിമര്‍ശിച്ചു. മന്ത്രിസഭാ പുന സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില കേന്ദ്രങ്ങളുണ്ടെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *