കൽപ്പാത്തി രഥോത്സവം; പാലക്കാട് തിരഞ്ഞെടുപ്പ് മാറ്റേണ്ടതില്ലെന്ന് ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ

പാലക്കാട് കൽപ്പാത്തി രഥോത്സവ സമയത്ത് ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചത് മാറ്റേണ്ടതില്ലെന്ന അഭിപ്രായവുമായി ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾ. രഥോത്സവ സമയത്ത് പുറത്ത് നിന്നുള്ള വോട്ടർമാർ നാട്ടിലെത്തുന്ന സമയമാണെന്നും കൽപ്പാത്തിയിൽ ഏറെയും ബിജെപി വോട്ടുകളായതിനാൽ ഇത് ഗുണം ചെയ്യുമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ അദ്ധ്യക്ഷൻ കത്ത് കൊടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 13, 14, 15 തീയതികളിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. ഇതിൽ ഒന്നാം തേരുത്സവം നവംബർ 13 നാണ്. ഈ തീയതിയിൽ തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും സിപിഎമ്മും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

അതേസമയം കൽപ്പാത്തിയിലെ വാർഡുകളെല്ലാം ബിജെപി ജയിച്ചതാണെന്നും ബൂത്തുകളെല്ലാം ബിജെപി ലീഡ് ചെയ്യുന്ന ബൂത്തുകളാണെന്നും ശിവരാജൻ ചൂണ്ടിക്കാട്ടുന്നു. കൽപ്പാത്തി രഥോത്സവ നാളിൽ തിരഞ്ഞെടുപ്പ് വച്ചാൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് അറിയുന്നത് കൊണ്ടാണ് യുഡിഎഫും എൽഡിഎഫും തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മുഴുവൻ അഗ്രഹാര വോട്ടർമാരും ഈ മൂന്ന് ദിവസങ്ങളിലും കൽപ്പാത്തിയിലെത്തും. 16 കഴിഞ്ഞാൽ എല്ലാവരും തിരികെ പോകും. 20ന് തിരഞ്ഞെടുപ്പ് വച്ചാൽ ഇവിടെ വോട്ട് ചെയ്യാൻ ആളുണ്ടാവില്ല. ബിജെപിക്ക് ലഭിക്കേണ്ട വോട്ട് കുറയ്ക്കാനാണ് യുഡിഎഫ് വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *