കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയെന്ന് ഇ പി ജയരാജൻ

കർണാടകയിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായ നടപടിയല്ലെന്ന് തുറന്നടിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഈ നിലപാടാണ് കോൺഗ്രസിനെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയാണെന്നും ദേശീയ രാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും സി.പി.എം ജനറല്‍ സെക്രട്ടറിയെ ക്ഷണിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. നിയുക്ത കർണാടക സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ സംഗമ വേദിയാക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. ബി.ജെ.പിയെ എതിർക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിൽനിന്നുള്ള പ്രധാന നേതാക്കളെയെല്ലാം പങ്കെടുപ്പിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *