ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കും; ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ വരും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കിൽ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ബോർഡ് തീരുമാനമെടുത്തത്. എന്നാൽ, ഇത് ശബരിമലയിൽ ബാധകമല്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്‌സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു.

ശമ്പളം, പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു. 2025ല്‍ അത് 910 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ 5 വര്‍ഷം കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന് ശേഷം പ്രളയവും കൊവിഡും മൂലം ഇത് നടപ്പാക്കിയില്ല. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വർധന നടപ്പാക്കുന്നത്.

കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത് ചടങ്ങുകൾക്ക് മാത്രമായി ചുരുക്കാനും ബോർഡ് ആലോചന നടത്തും. തന്ത്രിമാരുമായി ചർച്ച നടത്തി സർക്കാർ അഭിപ്രായം തേടിയ ശേഷം തീരുമാനം എടുക്കും. ശബരിമലയിലെ തിരക്ക് കുറയ്ക്കാനും നടപടിയുണ്ടാകുമെന്നും അടുത്ത മാസം മുതൽ ദർശനത്തിന് പുതിയ രീതികൾ പരീക്ഷിക്കുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *