കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ വിവാദം പുകയുന്നു. അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് മുൻ പ്രതിപക്ഷ നേതാവും മുതർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഇപ്പോഴുള്ളത് 19 വർഷം മുൻപുള്ള സ്ഥാനമാണെന്നും പ്രമോഷൻ ഉണ്ടായിട്ടില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പരാതി.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്തു മാത്രമാണ് പ്രതികരിക്കാത്തതെന്ന് നേതാക്കളെ അറിയിച്ചിരിക്കുകയാണ് ചെന്നിത്തല. ഉപതെരെഞ്ഞെടുപ്പിന് ശേഷം അതൃപ്തി പരസ്യമാക്കുമെന്നാണ് വിവരം. അതേസമയം, ചെന്നിത്തലയുടെ പരാതിയിൽ പല ദേശീയ നേതാക്കളും ഇടപെടുന്നുണ്ട്. ഇവരോടെല്ലാം മനപ്പൂർവം അവഗണിച്ചു എന്ന പരാതിയാണ് ചെന്നിത്തല ആവർത്തിക്കുന്നത്. എഐസിസി പുതിയ ചുമതലകൾ നൽകിയാൽ തൽക്കാലം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് നിലവിൽ ചെന്നിത്തലയുള്ളത്.
രണ്ട് വർഷമായി പദവികളില്ലെന്നും ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നുമുള്ള പരാതിയും ചെന്നിത്തലക്കുണ്ട്. എന്നാൽ ഈ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. തന്റെ വികാരം പാർട്ടിയെ അറിയിക്കാനാണ് ചെന്നിത്തല തീരുമാനിച്ചത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ പരസ്യ വിവാദം ഒഴിവാക്കണമെന്നാണ് നേതാക്കളോട് എഐസിസി നിർദ്ദേശിച്ചിട്ടുള്ളത്. അതൃപ്തിയുളള നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ സംസാരിക്കും.