കോഴിക്കോട് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാർ മരിച്ച സഭവം; ബസ് ഉടമയും ഡ്രൈവറും അറസ്റ്റിൽ

കോഴിക്കോട് സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബസ് ഉടമയും ഡ്രൈവറുമാണ് അറസ്റ്റിലായത്. ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഉടമക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയത്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു.

വേങ്ങേരി ജംങ്ഷന് സമീപം ഇന്നലെ രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന ‘തിരുവോണം’ ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. പരിക്കേറ്റ ദമ്പതിമാരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *