കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ തെളിവുകളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു.
ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിൻ്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. മൂന്ന് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു. എൻഐഎ ഇന്നലെ തമിഴ് നാട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പാലക്കാട്ടും ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധനയുണ്ടായത്.