കോട്ടയത്ത് ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി; രണ്ടു യുവാക്കൾ മരിച്ചു

കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളൂരിലാണ് സംഭവം. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂത്തേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളേജിലെ ബിബിഎ വിദ്യാർത്ഥികളായിരുന്നു ഇരുവരും. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ചായിരുന്നു അപകടമുണ്ടായത്. വടയാർ ഇളംങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴി എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൽ ഇടിച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം.

വെള്ളൂർ പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് കോട്ടയം നീലിമംഗലത്ത് ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *