കൊല്ലത്ത് വീട്ടമ്മയെ ആൺസുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; പിന്നാലെ ജീവനൊടുക്കി

കൊല്ലത്ത് വീട്ടമ്മയും ആൺസുഹൃത്തും വീടിനുള്ളിൽ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കിൽ പൂവണത്തുംവീട്ടിൽ സിബിക (40), തടിക്കാട് പുളിമൂട്ടിൽ തടത്തിൽ വീട്ടിൽ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.

പോലീസ് പറയുന്നത് എന്തെന്നാൽ, തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാൾ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകൾ അടച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വീടിന് പുറത്തുനിന്ന കുട്ടികൾ ഓടിവന്ന് വീടിന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടിൽ കത്തിയ നിലയിലായിരുന്നു.

ബിജുവും സിബികയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കൾ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭർത്താവ് ഉദയകുമാർ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ സാമ്പത്തിക വിവരം അറിയുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ചിൽ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോൾ പണം തിരികെ നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ നടത്തുമെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *