ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ കൊല്ലത്ത് പാളിയെന്ന് യു.ഡി.എഫ്. അവലോകനയോഗത്തിൽ വിമർശനം. പുതുതായി ഡി.സി.സി. ഭാരവാഹികളായ യൂത്ത് കോൺഗ്രസ് മുൻ നേതാക്കൾ രൂക്ഷവിമർശനമുയർത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റിയും കോൺഗ്രസ് ജില്ലാ കമ്മിറ്റിയും പരാജയപ്പെട്ടെന്ന് ആർ.അരുൺരാജ് ആഞ്ഞടിച്ചു. ഡി.സി.സി. ഭാരവാഹികൾക്ക് ചുമതലകൾ നിശ്ചയിച്ചുനൽകിയില്ലെന്നും അരുൺ പറഞ്ഞു.
ആശ വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ തുടങ്ങി ഓരോ ചെറു ഗ്രൂപ്പുകളുടെയും യോഗങ്ങൾ എൽ.ഡി.എഫ്. നടത്തിയപ്പോൾ യു.ഡി.എഫ്. നിശ്ചലമായിരുന്നെന്ന് ഫൈസൽ കുളപ്പാടം ആരോപിച്ചു. രണ്ടും മൂന്നും വാർഡുകൾക്ക് എൽ.ഡി.എഫ്. ഒരു അനൗൺസ്‌മെന്റ് വാഹനം വിട്ടുകൊടുത്തപ്പോൾ യു.ഡി.എഫിന് അതുണ്ടായില്ല.
എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തിരഞ്ഞെടുപ്പുപ്രവർത്തനത്തിൽ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു മുതിർന്ന ആർ.എസ്.പി. നേതാവ് എ.എ.അസീസിന്റെ വിമർശനം. താൻ അഞ്ചുതവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നും യു.ഡി.എഫിനൊപ്പം വന്നപ്പോഴാണ് തോറ്റതെന്നും അദ്ദേഹം തുറന്നടിച്ചു. നേരത്തേ വന്നിരുന്നെങ്കിൽ വിജയിച്ചേനെ എന്ന് കോൺഗ്രസ് നേതാവ് കെ.സി.രാജൻ തിരുത്തി.
പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ രംഗത്ത് യു.ഡി.എഫിന് പ്രാതിനിധ്യമില്ലാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായിരുന്നെന്നും കെ.സി.രാജൻ പറഞ്ഞു. എ.ഐ.സി.സി. തിരഞ്ഞെടുപ്പിൽ കാര്യമായി സഹകരിച്ചെന്ന് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഒരുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്. യോഗം വിലയിരുത്തി. ചവറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും.