കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ ക്ഷേത്രകമ്മിറ്റിക്കെതിരെ കേസ്. കൊയിലാണ്ടി പൊലീസാണ് 194–ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തത്. എന്നാൽ ആനകളെ എഴുന്നള്ളിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും മതിയായ അകലം പാലിച്ചിരുന്നുവെന്നുമാണ് ക്ഷേത്രകമ്മിറ്റിയുടെ വിശദീകരണം. എഴുന്നള്ളത്തിനുള്ള അനുമതിരേഖ കൈവശമുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
അതേസമയം എഴുന്നള്ളത്തിലെ വീഴ്ചയിൽ വിശദപരിശോധന തുടരും. ഇന്നലെ കോഴിക്കോട്ടെ ഒരാഴ്ചത്തെ ആന എഴുന്നള്ളിപ്പുകൾ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി റദ്ദ് ചെയ്തിരുന്നു. ആന എഴുന്നള്ളിപ്പിന് നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ ആന ഇടയാൻ കാരണം പടക്കമല്ലെന്നും പിന്നിൽ വരികയായിരുന്ന ഗോകുൽ മുന്നിൽ കയറിയതാണ് പീതാംബരനെ പ്രകോപിപ്പിച്ചതെന്നുമാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ആനകളുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന നാട്ടാന പരിപാലന ചട്ടത്തിലെ നിർദ്ദേശം ലംഘിക്കപ്പെട്ടതായി റവന്യൂ വകുപ്പും വ്യക്തമാക്കി.
മൂന്ന് പേരുടെ ജീവനെടുക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ലഭ്യമായ ദൃശ്യങ്ങൾ അത്രയും പരിശോധിച്ചാണ് വനംവകുപ്പ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. പാപ്പാന്മാരുടെ മൊഴികളിലും മറ്റും പടക്കം പൊട്ടിയതാണ് പ്രകോപന കാരണം എന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
തിടമ്പേറ്റി എഴുന്നള്ളി മുന്നിൽ വരികയായിരുന്ന പീതാംബരനെ മറികടന്ന് ഗോകുൽ പോകാൻ ശ്രമിച്ചതാണ് രണ്ട് ആനകളും തമ്മിൽ സംഘർഷം ഉണ്ടാകാൻ കാരണം. ഗോകുലനെ പീതാംബരൻ ആക്രമിച്ചതോടെ ഗോകുൽ ക്ഷേത്ര കമ്മിറ്റി ഓഫീസിലേക്ക് കയറി. ഇതോടെ ഓഫീസ് നിലം പൊത്തി. ഇതാണ് ആളുകളുടെ മരണത്തിലേക്ക് നയിച്ചത്.
ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള രണ്ട് ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ രേഖകൾ എല്ലാം കൃത്യം ആയിരുന്നു എന്നും വനംവകുപ്പ് പറയുന്നു. അതേസമയം, നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നാണ് റവന്യൂ വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ആനയുടെ തൊട്ടടുത്ത് പടക്കം പൊട്ടിക്കരുത് എന്ന് ചട്ടം പറയുന്നുണ്ട്. ഈ നിർദ്ദേശം ലംഘിക്കപ്പെട്ടതി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. രണ്ട് വകുപ്പുകളും തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി എ കെ ശശീന്ദ്രന് കൈമാറി.
ആനയെ എഴുന്നള്ളിച്ചതില്‍ ചട്ടലംഘനം ഉണ്ടായെന്നും നാട്ടാന പരിപാലന നിയമം ലംഘിച്ചെന്നും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്.കീര്‍ത്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടപടിക്ക് ശുപാര്‍ശ ചെയ്തെന്നും റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയെന്നും എഡിഎം മുഹമ്മദ് റഫീഖും അറിയിച്ചിരുന്നു.
സംഭവത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ആകെ 32 പേർക്ക് ആയിരുന്നു പരിക്കേറ്റത്.