കൊയിലാണ്ടിയിലെ സിപിഐഎം നേതാവിന്റെ കൊലപാതകം; നഷ്ടമായത് ഉത്തമനായ സഖാവിനെയെന്ന് ഇപി ജയരാജൻ

കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥിൻറെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് സിപിഎം നേതാക്കൾ. ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനൽ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

കൊലപാതകം നടത്തിയ ആൾക്ക് ആറ് വർഷമായി പാർട്ടിയുമായി ബന്ധമില്ല. സി പി എം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. കൊയിലാണ്ടി പാർട്ടിയിൽ ഒരു പ്രശ്‌നവുമില്ല. ക്രിമിനൽ സ്വഭാവമുള്ളവർ ചെറിയ വിരോധം ഉണ്ടെങ്കിൽ പോലും കൊലപാതകം നടത്തും. സത്യനാഥ് സ്‌നേഹത്തോടെ വളർത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജൻ പറഞ്ഞു.

കെ എം ഷാജിക്ക് നിലവാരമില്ലെന്നും മരിച്ച ആളെ കോടതി ശിക്ഷിച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. കോടതി തൂക്കി കൊല്ലാൻ വിധിക്കാത്തത് ഭാഗ്യം. ഷാജി പൊതു പ്രവർത്തന രംഗത്തുള്ളത് തന്നെ ചിന്തിക്കേണ്ടത്. അതിന് സി പി എമ്മിന് മുകളിൽ കയറണ്ട ഷാജിയ്ക്ക് മുസ്ലീം ലീഗിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമെന്നും ഇപി ജയരാജൻ പറഞ്ഞു. ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം വ്യക്തിവിരോധമൂലമാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. പ്രതിയെ ഏഴു വർഷം മുമ്പ് പാർട്ടി പുറത്താക്കി. അതിനു ശേഷം പാർട്ടിയുമായി പ്രതിക്ക് ഒരു ബന്ധവും ഇല്ല. കൂടുതൽ കാര്യങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. എന്താണ് വ്യക്തി വൈരാഗ്യമെന്നത് പൊലീസ് കണ്ടത്തട്ടെയെന്നും പി മോഹനൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *