കൊടകര കുഴൽപ്പണ കേസ്: ഗവ‍ര്‍ണറുടെ കത്ത് ഒളിച്ചുവെച്ചത് എന്തിന്? , നടക്കുന്നത് കൊടുക്കൽ വാങ്ങലെന്ന്: വിഡി സതീശൻ

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണ്‍ പത്തിന് ഗവര്‍ണര്‍ അയച്ച കത്ത് ഒന്നര വര്‍ഷത്തോളം പൂഴ്ത്തിവച്ച ശേഷമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഗവര്‍ണറുടെ കത്ത് ഇത്രയും കാലം ഒളിച്ചുവെച്ചത്? ഈ കാലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിൽ കൊടുക്കൽ വാങ്ങൽ നടക്കുകയായിരുന്നു.

കൊടകര കുഴൽപ്പണ കേസ് ഒത്തുതീര്‍ക്കാൻ ശ്രമിച്ചത് ഇതിന്റെ ഭാഗം. കുഴല്‍പ്പണ കേസില്‍ ബിജെപി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പകരമായി സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കൈക്കൂലി കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീര്‍പ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

രണ്ടിനും ഇടനിലക്കാരനായി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നാണ് വ്യക്തമാക്കേണ്ടതാണെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്ത് ഗവര്‍ണര്‍ എന്നാണ് പുറത്തുവിടുന്നതെന്നാണ് ഇനി അറിയാനുള്ളത്. അടുത്തവര്‍ അകന്നപ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം ഇരുവരും ഒന്നിച്ചായിരുന്നെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കത്തെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *