കൊച്ചി മെട്രോ രണ്ടാം ഘട്ടം: വിവിധ വകുപ്പുകളുടെ ആശങ്കകള്‍ പരിഹരിക്കും- കളക്ടര്‍

പാലാരിവട്ടം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ്. മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകുന്ന വിവിധ വകുപ്പുകളുടെ സ്ഥാപനമേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കൊച്ചി മെട്രോ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പാലാരിവട്ടത്ത് നിന്ന് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സ്ഥലം നഷ്ടമാകുന്നത് കേരള മീഡിയ അക്കാദമി, കാക്കനാട് ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം എന്നീ സ്ഥാപനങ്ങള്‍ക്കാണ്. മീഡിയ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാനും കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി മെട്രോയ്ക്ക് കത്തു നല്‍കും. ഇതിനു ശേഷം സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ട കാര്യങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, ലീഗല്‍ മെട്രോളജി, ദൂരദര്‍ശന്‍, കെ.എസ്.ഐ.ഡി.സി. സെസ്, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ ഭൂമിയാണ് നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടത്. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അലൈന്‍മെന്റും രൂപരേഖകളും നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. സ്ഥാപനങ്ങളുടെ ആശങ്കകള്‍ മെട്രോയെ അറിയിച്ച ശേഷം വിശദമായ യോഗം ചേരുമെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *