കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; വഴി നീളെ കാത്ത് നിന്നത് ആയിരങ്ങൾ

കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു.

ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ് ഷോ കാണാനെത്തിയത്. തൃശൂരിലെ റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി കൊച്ചിയിലും എത്തിയത്. വൈകിട്ട് ആറരയോടെ നെടുമ്പാശ്ശേരിയിലിറങ്ങിയ നരേന്ദ്ര മോദി ഏഴേകാലോടെ കൊച്ചിയിലെത്തി. തുടർന്നാണ് കെ പി സി സി ജംങ്ഷൻ മുതൽ ഗസ്റ്റ് ഹൗസ് വരെ ഒന്നേകാൽ കിലോമീറ്റർ നീളുന്ന റോഡ് ഷോ ആരംഭിച്ചത്. റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തായിട്ടാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയെ സ്വീകരിക്കാനായി കാത്തുനിന്നത്.മോദി, മോദി വിളികളോടെയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയെ വരവേറ്റത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് പോവുകയായിരുന്നു.കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി

ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളായ, എ.എന്‍. രാധാകൃഷ്ണന്‍, പി.എസ് ജ്യോതിസ്, തമ്പി മറ്റത്തറ, ഉണ്ണികൃഷ്ണന്‍, സതീഷ്, രമ ജോര്‍ജ്, പി.ടി. രതീഷ്, വി.ടി. രമ, വി.എ. സൂരജ്, കെ.പി. മധു, എന്‍. ഹരിദാസന്‍, എ. അനൂപ് കുമാര്‍, പി. ദേവ്‌രാജന്‍ ദേവസുധ, അനിരുദ്ധന്‍, ഡോ. വൈശാഖ് സദാശിവന്‍, ഇ.യു ഈശ്വര്‍ പ്രസാദ് എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലുണ്ടായിരുന്നു.

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളിൽ പങ്കെടുക്കും.നാളെ രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. 9.45ന് തൃപ്രയാർ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെയെത്തി ദർശനം നടത്തി കൊച്ചിക്ക് പോകും.നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്‍റിൽ കൊച്ചിൻ ഷിപ് യാർഡിന്‍റെ പരിപാടിയിൽ പങ്കെടുക്കും. നാളെ കൊച്ചിയിൽ പ്രധാനമന്ത്രി മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.4000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർ നാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐ.ഒ.സിയുടെ എൽ പി ജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.ഒന്നരയോടെ കൊച്ചി മറൈൻഡ്രൈവിൽ എത്തുന്ന നരേന്ദ്രമോദി ബിജെപി പരിപാടിയിൽ പങ്കെടുക്കും. മൂന്നരയോടെ നെടുന്പാശേരിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *