കൈവെട്ട് കേസ്: ആറ് പ്രതികൾ കുറ്റക്കാർ, അഞ്ച് പേരെ വെറുതെ വിട്ടു

മൂവാറ്റുപുഴയിൽ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. അഞ്ച് പേരെ വെറുതെ വിട്ടു. ഭീകരപ്രവർത്തനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട ആറു പേരുടെയും ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ, കുഞ്ഞ് പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. നാലാം പ്രതിയായിരുന്ന ഷഫീഖ്, ആറാം പ്രതിയായിരുന്ന അസീസ് ഓടക്കാലി, ഏഴാം പ്രതിയായിരുന്ന മുഹമ്മദ് റാഫി, എട്ടാംപ്രതിയായിരുന്ന സുബൈര്‍, പത്താം പ്രതിയായിരുന്ന മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. 2010 മാർച്ച് 23 നാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ ജോസഫിനെ ആക്രമിക്കുന്നത്. സംഭവം നടന്ന് 12 വർഷങ്ങൾക്കുശേഷം കേസിൽ രണ്ടാം ഘട്ട വിചാരണ പൂർത്തിയായി. ടി ജെ ജോസഫിന്റെ കൈ വെട്ടിയ ശേഷം വർഷങ്ങളോളം ഒളിവിൽ താമസിച്ച പ്രതികളെ അറസ്റ്റ് ചെയ്താണ് വെവ്വേറെ കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചത്. ആദ്യ ഘട്ടത്തിൽ കേസുമായി ബന്ധപ്പെട്ട് 37 പേരെ പ്രതി ചേർത്താണ് എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 11 പേർക്ക് ശിക്ഷ വിധിക്കുകയും, 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

മുഖ്യപ്രതി എം.കെ നാസർ, അധ്യാപകൻറെ കൈവെട്ടിയ സവാദ് എന്നിവർക്കുപുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരാണ് രണ്ടാമത്തെ കുറ്റപത്രത്തിലുള്ള പ്രതികൾ. ഇവർക്കെതിരെ യു.എ.പി.എ വകുപ്പും ചുമത്തിയിരുന്നു. തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇൻറേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിൻറെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്ക് സംഭവത്തിന് മുൻപും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. രാജ്യത്ത് പോപുലർ ഫ്രണ്ട് നിരോധനത്തിന് വഴിവെച്ച കാരണങ്ങളിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ട് കേസും ആഭ്യന്തരമന്ത്രാലയം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *