കൈക്കൂലിക്കേസ്; ബിൽഡിംഗ് ഇൻസ്‌പെക്ടർ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയെ കൊച്ചി കോർപ്പറേഷൻ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിൽവച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്നയെ കൊച്ചിയിലെ വിജിലൻസ് സംഘം പിടികൂടിയത്.

15000 രൂപ കൈക്കൂലി വാങ്ങാൻ കുടുംബ സമേതമാണ് സ്വപ്നയെത്തിയത്. ജോലി കഴിഞ്ഞ് തൃശ്ശൂർ മണ്ണുത്തിയിലേക്ക് മടങ്ങവെയായിരുന്നു കൈക്കൂലി വാങ്ങാനുളള നീക്കം. പരിശോധനയിൽ കാറിൽനിന്ന് 41,180 രൂപയും കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷമായി കൊച്ചി നഗരസഭയിൽ പ്രവർത്തിക്കുന്ന സ്വപ്ന മുൻപ് തൃശൂർ കോർപ്പറേഷനിലും ജോലി ചെയ്തിരുന്നു. വൈറ്റില സോണൽ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ റാങ്ക് ആയതിനാൽ ബിൽഡിംഗ് ഇൻസ്‌പെക്ടറായിട്ടായിരുന്നു പ്രവർത്തനം. നഗര ഹൃദയമായതിനാൽ കെട്ടിട പെർമിറ്റ് സംബന്ധിച്ച കുറെ അപേക്ഷകളിൽ സ്വപ്ന അധിക വരുമാനത്തിന്റെ സാധ്യത കണ്ടു. വൈകാതെ അഴിമതിയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി വിജിലൻസിന്റെ റഡാറിലായ സ്വപ്നയെ വിജിലൻസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. വൈറ്റില സ്വദേശിയുടെ അഞ്ച് നില കെട്ടിടത്തിന് പ്ലാൻ അപ്രൂവ് ചെയ്യാൻ 4 മാസം വൈകിപ്പിച്ചിട്ടാണ് ഒടുവിൽ ഓരോ നിലയ്ക്കും 5,000 രൂപ വീതം 25000 രൂപ സ്വപ്ന ആവശ്യപ്പെട്ടത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞതോടെ 15,000 എങ്കിലും വേണമെന്നായി. ഈ പണം വാങ്ങുന്നതിനിടെ വിജിലൻസിന്റെ വലയിലേക്കും. സ്വപ്നയെ പോലെ കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ച് ഉദ്യോഗസ്ഥരാണ് വ്യത്യസ്ത കേസുകളിൽ പിടിയിലായത്, ഇത് മേയറടക്കം ഭരണപക്ഷത്തിന്റെ സംരക്ഷണത്തിലെന്നാണ് പ്രതിപക്ഷ ആരോപണം.

എന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. വിജിലൻസ് അന്വേഷണവുമായി പൂർണ സഹകരണം ഉണ്ടാകും, ഭാവിയിൽ ടൗൺ പ്ലാനിങ്ങുവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അഡിഷണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നടക്കം നടപടികൾ കടുപ്പിക്കും. സ്വപ്നയ്‌ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഡയറക്ടർക്ക് കത്തയച്ചതായും മേയർ പറഞ്ഞു. സഹിക്കെട്ട് പരാതിപ്പെടുന്ന വ്യക്തികളല്ലാതെ അഴിമതിക്കാരെ പൂട്ടാൻ നഗരസഭയ്ക്കാകുന്നില്ലെന്നാണ് പ്രതിപക്ഷ വിമർശനം. ഇതിനെ, കെ സ്മാർട്ടും വിജിലൻസ് നിരീക്ഷണവും ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് നഗരസഭ.

Leave a Reply

Your email address will not be published. Required fields are marked *