സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ശകത്മായ മഴ ലഭിക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് നഗര മേഖലകളിലും ഉള് മേഖലകളിലുമെല്ലാം തന്നെ മഴയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും ഇപ്പോഴും തുടരുകയാണ്.
എന്നാല്‍ ഒരിടത്തും വെള്ളം കയറിയതായി റിപ്പോര്‍ട്ടില്ല. .ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയാണ് തലസ്ഥാനത്തെ തോരാ മഴയ്ക്ക് കാരണം.
അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ കിഴക്കൻ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ ലഭിക്കുന്നത്.