കേരളത്തിൽ നരബലി: സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടു; കൊലയാളി പിടിയിൽ

കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി തിരുവല്ലയ്ക്കു സമീപം കുഴിച്ചിടുകയായിരുന്നു. എസ്ആർഎം റോഡിൽ താമസിക്കുന്ന ഷാഫിയാണു പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായിട്ടാണു പ്രതി ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് പറഞ്ഞു.

സ്ത്രീകളെ വശീകരിച്ചു ദുർമന്ത്രവാദത്തിനായി പ്രതി തട്ടിക്കൊണ്ടു പോവുകയായിരുന്നു. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും നാട്ടുകാർ പറയുന്നു. കാലടി സ്വദേശിനി റോസിലി (50) ആണു കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ. ഇവരും ലോട്ടറിക്കച്ചവടം ചെയ്തിരുന്നു.

മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കിട്ടിയെന്നാണു വിവരം. യുവതികളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് അറിയുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്‌നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *