കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് കോഴിക്കോട്; തുടക്കത്തിൽ ഉണ്ടാവുക 18 കടുവകൾ

സംസ്ഥാനത്തെ ആദ്യ ടൈഗര്‍ സഫാരി പാര്‍ക്ക് ബജറ്റിലും പ്രഖ്യാപിച്ചതോടെ കോഴിക്കോടിന്‍റെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിനാണ് വഴി തുറക്കുന്നത്. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി മുതുകാട്ടുള്ള 300 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ആരംഭിക്കുന്നത്. ഒരു മാസത്തിനകം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ടൈഗര്‍ സഫാരി പാര്‍ക്ക് രാജ്യത്ത് തന്നെ ഒരു സ്ഥലത്ത് മാത്രമാണുള്ളത്. കര്‍ണാടകയിലെ ബന്നേര്‍ഘട്ടയിലാണ് ഇന്ത്യയിലെ ഏക ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

വലിയ മതില്‍ക്കെട്ടിനകത്ത് നിര്‍മിച്ചെടുക്കുന്ന സ്വാഭാവിക വനത്തില്‍ കടുവകളെ തുറന്നുവിട്ട് വളര്‍ത്തുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന വനംവകുപ്പിന്റെ സംരക്ഷണയില്‍ കഴിയുന്ന 11 കടുവളും മറ്റുള്ള എഴെണ്ണവും ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ 18 കടുവകളെയാണ് ഇവിടേക്ക് എത്തിക്കുക. സഞ്ചാരികള്‍ക്ക് തുറന്ന കവചിത വാഹനങ്ങളില്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ഇവയെ അടുത്ത് കാണാനാകും. ഇത്തരത്തിലുള്ള 40 കവചിത വാഹനങ്ങള്‍ പാര്‍ക്കില്‍ ഒരുക്കും.

ഇതിനായി ടിക്കറ്റ് നിരക്കും നിശ്ചയിച്ചിട്ടുണ്ട്. വിദേശരാജ്യത്ത് നിന്നെത്തുന്നവര്‍ക്ക് 600 രൂപയും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 400 രൂപയും സമീപപ്രദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്ന് 200 രൂപയുമാണ് ടിക്കറ്റ് തുകയായി ഈടാക്കുക. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ 200 കോടി രൂപ ചിലവഴിച്ചാണ് പാര്‍ക്ക് യാതാര്‍ത്ഥ്യമാക്കുക. കേന്ദ്ര വനം-പരിസ്ഥിത മന്ത്രാലയത്തിന്റെ അനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. പ്രതിദിനം ആയിരക്കണക്കിന് സഞ്ചാരികളെയാണ് പദ്ധതിയുടെ ഭാഗമായി പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *