കേന്ദ്ര സർക്കാരിന്റെ ഒരു അവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്, ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടു വരും: സജി ചെറിയാൻ

അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. ശ്രീകുമാരൻ തമ്പി മികച്ച പ്രതിഭയാണ്. കേന്ദ്ര സർക്കാരിന്റെ ഒരവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു’.

ഈ വർഷത്തെ വയലാർ അവാർഡിന് ശ്രീകുമാരൻ തമ്പിയാണ് അർഹനായത്.  ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്ക്കാരം. എആർ രാജരാജ വർമ്മ പുരസ്ക്കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു വയലാർ അവാർഡ് കിട്ടിയ വിവരം ശ്രീകുമാരൻ തമ്പി അറിഞ്ഞത്. അവാർഡുകൾ പല തവണ നിഷേധിച്ചുവെന്ന് തുറന്നടിച്ചായിരുന്നു പുരസ്കാരം ലഭിച്ചതിന് പിന്നാലെ ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം. 

‘വയലാർ അവാർഡ് 3 തവണ ഉണ്ടെന്ന് അറിയിച്ച ശേഷം പിന്നെ നിഷേധിച്ചു. സാഹിത്യ അക്കാഡമി പുരസ്കാരം നിഷേധിച്ചത് ഒരു മഹാകവിയാണെന്നും’ ശ്രീകുമാരൻ തമ്പി തുറന്നടിച്ചതോടെ വിഷയം വലിയ ചർച്ചായായി. വൈകിയെന്ന പരാതിപ്പെടുമ്പോഴും 27 ന് അവാർഡ് വാങ്ങാൻ നിശാഗന്ധിയിലുണ്ടാകുമെന്ന് ശ്രീകുമാരൻ തമ്പി അറിയിച്ചിട്ടുണ്ട്. തമ്പിയുടെ കടുത്ത ആരോപണങ്ങളോട് വയലാർ ട്രസ്റ്റ് പ്രതികരിച്ചിട്ടില്ല.  

Leave a Reply

Your email address will not be published. Required fields are marked *