കേന്ദ്ര സംഘം നാളെ വയനാട്ടിൽ ; പുനർ നിർമാണ രൂപ രേഖ തയ്യാറാക്കും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും കേന്ദ്രസംഘമെത്തുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സംഘം നാളെ വയനാട്ടിലെത്തും. ദുരന്താനന്തര പുനർനിർമാണത്തിന്റെ രൂപരേഖ തയാറാക്കാനാണ് സന്ദർശനം.

17 വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഈ മാസം 31 വരെ വിവിധ മേഖലകൾ സന്ദർശിച്ച് സംഘം റിപ്പോർട്ട് തയാറാക്കും. അന്തിമ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.

അതിനിടെ, ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 29നാണ് യോഗം ചേരുന്നത്. വൈകീട്ട് 4.30ന് ഓൺലൈനായാണ് യോഗം നടക്കുക. റവന്യൂ-ഭവനനിർമാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി-പട്ടികവർഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരും യോ​ഗത്തിൽ പങ്കെടുക്കും.

ദുരന്ത മേഖലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ ശരീരഭാ​ഗങ്ങൾ കണ്ടെത്തി. അസ്ഥിഭാഗങ്ങളും മുടിയും ഉൾപ്പെടെ ആറു ശരീരഭാഗങ്ങളാണ് ലഭിച്ചത്. ആനടിക്കാപ്പിൽ-സൂചിപ്പാറ മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ശരീരഭാ​ഗങ്ങൾ കണ്ടെത്തിയത്. അവയവങ്ങ‌ളുടെ ഡി.എൻ.എ പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *