കെ-റെയിൽ , കേന്ദ്രത്തിൻ്റെ മനം മാറ്റത്തിന് കാരണം ബിജിപിക്ക് എംപിയെ നൽകിയതിലുള്ള പ്രത്യുപകാരം ; അതിരൂക്ഷ വിമർശനവുമായി കെ.സുധാകരൻ എം.പി

ഇത്രയും നാള്‍ കെ റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സി പി ഐ എം – ബി ജെ പി അന്തര്‍ധാരയുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. കേരളത്തില്‍ ബി ജെ പിക്ക് ഒരു എം പിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നൽകുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയിലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സി പി എമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാർ. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചെന്നും കെ പി സി സി പ്രസിഡന്‍റ് പറഞ്ഞു.

നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന്‍ ഗതാഗതം സാധ്യമാണ്. അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ റെയില്‍ തന്നെ വേണമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നൽകി.

അതിനിടെ കെ റെയിൽ പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പരിഗണിക്കാമെന്ന കേന്ദ്ര റയിൽവേ മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ സമര സമിതിയും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് എത്തിയ കേന്ദ്ര മന്ത്രിക്ക് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപെട്ട് സമര സമിതി പരാതി നൽകി. ”നിങ്ങളുടെ മുഖ്യമന്ത്രി പദ്ധതി വേണം എന്നാണല്ലോ പറഞ്ഞത്” എന്നായിരുന്നു റയിൽവേ മന്ത്രിയുടെ പ്രതികരണം. പദ്ധതി നീക്കം വീണ്ടും ഉണ്ടായാൽ സമരം കൂടുതൽ ശക്തമാക്കാനാണ് കെ റെയിൽ വിരുദ്ധ കൂട്ടായ്മയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *