‘കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം’; തുടര്‍ചര്‍ച്ച വേണമെന്ന് റെയില്‍വേ ബോര്‍ഡ്

കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും  തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങൾ അടക്കമാണ് റിപ്പോർട്ട് നൽകിയത്. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതി പുനര്‍ വിചിന്തനം ചെയ്യണമെന്ന നിലപാടിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി മൂലം 4033 ഹെക്ടര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാകും. പദ്ധതി സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ടിലാണ് പദ്ധതിയുണ്ടാക്കുന്ന ഗുരുതര പാരിസ്ഥിതിക ആഘാതം സംബന്ധിച്ച വിലയിരുത്തലുള്ളത്. 

4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണം. ദുർബല മേഖലകള്‍ക്ക് കുറുകെയാണ് എല്ലാ ജില്ലകളിലൂടെയും സിൽവർ ലൈൻ കടന്നുപോകുന്നത്. 202.96 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് നിർദ്ധിഷ്ട പാത കടന്നുപോവുക. 535 കിലോമീറ്റർ സിൽവർ ലൈൻ പാതയുടെ അന്പത്തിയഞ്ച് ശതമാനത്തോളം വെള്ളം കയറാതിരിക്കാനുള്ള അതിരുകെട്ടുന്നതിനാല്‍ വര്‍ഷകാലത്ത് പാതയുടെ കിഴക്കുഭാഗം വെള്ളത്തിനടിയിലാവും.

പദ്ധതി മൂലം 55 ഹെക്ടർ കണ്ടൽ കാടുകള്‍ നശിക്കും. സർപ്പക്കാവുകളും  ജൈവ വൈവിധ്യ ആവാസ വ്യവസ്ഥയും ഉൾപ്പെടെ 1500 ഹെക്ടർ സസ്യ സമ്പുഷ്ട പ്രദേശങ്ങള്‍ സിർവർ ലൈൻ മൂലം നഷ്ടപ്പെടും. 1131 ഹെക്ടർ നെൽപാടങ്ങൾ അടക്കം 3532 ഹെക്ടർ തണ്ണീർ തടങ്ങൾ പരിവർത്തനം ചെയ്യപ്പെടും. അപൂർണമായ ഡി.പി.ആർ തന്നെ സിൽവർ ലൈൻ പദ്ധതിയുടെ  ന്യൂനതയാണ്. ഹരിത പദ്ധതി എന്ന അവകാശ വാദം തെറ്റ്.  മറ്റൊരു ബദല്‍ സാധ്യത സജീവമായുള്ളതിനാല്‍ പുനര്‍ വിചിന്തനം നടത്തണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *