കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാവ് അറസ്റ്റിൽ

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും അറസ്റ്റ്. ന്യൂ മാഹി പഞ്ചായത്ത് അംഗം ടി എച്ച് അസ്ലമിനെയാണ് ഇന്നലെ ന്യൂ മാഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.

യുഡിഎഫ് ന്യൂ മാഹി പഞ്ചായത്ത് ചെയർമാനാണ് അസ്ലം. കെ കെ ശൈലജയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റിട്ടെന്ന കേസിൽ മറ്റൊരാളെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (0) പ്രകാരമാണ് മുറ്റത്ത്പ്ലാവ് പെരുമ്പാലിയിൽ മെബിൻ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് രണ്ട് ആൾ ജാമ്യത്തിൽ വിട്ടു. കെ കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്തെന്ന പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശി മിൻഹാജിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്.

മുഖ്യമന്ത്രിയുടെയും കെ കെ ശൈലജ ടീച്ചറുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഫോട്ടോ പ്രചരിപ്പിച്ചത്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *