കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടവാങ്ങി


മകളെ ബലാത്സംഗം ചെയ്ത കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്‌കൂൾ വിട്ടുവരുന്ന വഴിയാണ് 13 വയസ്സുകാരിയായ കൃഷ്ണപ്രിയയെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.

ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.പ്രസാദ്, പ്രകാശ് എന്നിവരാണ് മക്കൾ. ശങ്കരനാരായണന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്.

Leave a Reply

Your email address will not be published. Required fields are marked *