കൂടുതല്‍ കിറ്റുകള്‍ പിടിച്ചു; ന്യായീകരണവുമായി ബിജെപി: നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. വയനാട് തെക്കുംതറയില്‍ ആണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

167 കിറ്റുകളാണ് തെക്കുംതറയില്‍ പിടിച്ചത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നാണ് ബിജെപിയുടെ വാദം. കിറ്റുകള്‍ എത്താൻ വൈകി, അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിതരണം ചെയ്യാമെന്ന് കരുതി സ്റ്റോക്ക് ചെയ്തുവെന്നും ഇവര്‍ പറയുന്നു. 

പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കൂടുതല്‍ കിറ്റുകള്‍ പിടിച്ചിരിക്കുന്നത്. ഓരോന്നും 5 കിലോ വീതമെങ്കിലും തൂക്കം വരുന്നതാണ്. 11 സാധനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. ഒന്നിന് തന്നെ ഏകദേശം 450 രൂപ വില വരും. 

സംഭവത്തില്‍ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചിരിക്കുന്നത്. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി, കിറ്റുകള്‍ കൊണ്ടുവന്നു എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ വയനാട് ബത്തേരിയില്‍ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. ഇതിലും ബിജെപിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ബത്തേരിക്ക് പിന്നാലെ മാനന്തവാടി കെല്ലൂരിലും ബിജെപിക്കെതിരെ കിറ്റ് വിതരണ ആരോപണം വന്നിരുന്നു. ഇത് കൂടാതെയാണ് തെക്കുംതറയില്‍ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് തന്നെ കിറ്റുകള്‍ കണ്ടെടുത്തിരിക്കുന്നത്. ഈ കിറ്റുകള്‍ കല്‍പറ്റ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *