കൂടത്തായി കേസ് ; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

കൂടത്തായി കേസിൽ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

ജോളിയുടെ വാദങ്ങൾ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി.

കേസിന്റെ വിചാരണാ നടപടികൾ ആരംഭിക്കുന്ന വേളയിൽ സെഷൻസ് കോടതിക്ക് നീതിപൂർവമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. സ്ത്രീയെന്ന രീതിയിൽ യാതൊരു പരിഗണനയും അർഹിക്കാത്ത ക്രൂരമായ കുറ്റകൃത്യമാണ് ജോളി നടത്തിയതെന്നാണ് ജാമ്യം എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ ഉയർത്തിയ വാദം.

Leave a Reply

Your email address will not be published. Required fields are marked *