കുസാറ്റ് ദുരന്തം; കുട്ടികളെ സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയെന്ന് വിസി

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസിലർ. പ്രോഗ്രാമിൻറ സമയത്തിന് അനുസരിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാൻ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി.

സ്റ്റെപ്പിൽ നിൽക്കുന്നവർ താഴേക്ക് വീണു. ഓഡിറ്റോറിയത്തിൻറെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പിൽനിന്ന വിദ്യാർത്ഥികൾ തിരക്കിൽപെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും കുസാറ്റ് വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ പറഞ്ഞു. അപകടത്തിൽ കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ അതുൽ തമ്പി, രണ്ടാം വർഷ വിദ്യാർത്ഥി നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ തൈകാട്ടുശ്ശേരി ആൽബിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മലപ്പുറം സ്വദേശി ഷീബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിൽ നിലവിൽ 34 പേരാണ് ചികിത്സയിലുള്ളത്. രണ്ടു പേർ കിൻഡർ ആശുപത്രിയിലും ചികിത്സയിലുണ്ട്. മൂന്നു ആശുപത്രികളിലുമായി ആകെ 38 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മരിച്ച നാലുപേരുടെയും പോസ്റ്റ്‌മോർട്ടവും പൂർത്തിയായി. രാവിലെ ഏഴോടെയാണ് പോസ്റ്റ്‌മോർട്ടം ആരംഭിച്ചത്. കുസാറ്റിലെ വിദ്യാർത്ഥികളായ മൂന്നുപേരുടെയും മൃതദേഹങ്ങൾ ക്യാമ്പസിൽ പൊതുദർശനത്തിനുവെക്കും. മരിച്ച ആൽബിൻ ജോസഫിനെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞ്. ഇന്നലെ രാവിലെയാണ് പാലക്കാട് മുണ്ടൂരിലെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് പോയത്. സേഫ്റ്റി ആൻറ് ഫയർ എഞ്ചിനീയറിംഗ് കോഴ്‌സ് പഠിച്ച ആൽബിൻ ജോലി തേടി പുറത്തേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കോഴ്‌സുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ആൽബിൻ കുസാറ്റിലെത്തിയത്.ആൽബിൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം പാലക്കാട് മുണ്ടൂരിലേക്ക് കൊണ്ടുപോകും. ആസ്റ്റർ മെഡിസിറ്റിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്നും ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നും ആരോഗ്യമന്ത്രി ഡോ. വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *