കുസാറ്റ് അപകടം; ആയിരം പേരുടെ ഓഡിറ്റോറിയത്തിലേക്ക് 4000 പേരെത്തി, പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ

കുസാറ്റ് ദുരന്തത്തിന് കാരണം ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണെന്ന് പോലീസ് ഹൈക്കോടതിയിൽ. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ല. 

ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹര്‍ജി ജനുവരി 18 ന് വീണ്ടും പരിഗണിക്കും. 80 സെക്യൂരിറ്റി ജീവനക്കാരാണ് കുസാറ്റിലുള്ളത്. കെ‌എസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹർജി നൽകിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനിയറിങ് പ്രിൻസിപ്പാൾ നൽകിയ കത്ത് രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. സർവകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ റജിസ്ട്രാർ അവഗണിച്ചെന്നും ഹർജിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *