കുവൈത്ത് ദുരന്തം ; കോൺഗ്രസ് പരിപാടികൾ റദ്ദാക്കി , ഡിസിസി പ്രസിഡന്റായി വി.കെ ശ്രീകണ്ഠൻ ഇന്ന് ചുമതലയേൽക്കില്ല

കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരിപാടികള്‍ റദ്ദാക്കിയതായി ഡിസിസി ജനറൽ സെക്രട്ടറി കെ ഗോപാലകൃഷ്ണൻ അറിയിച്ചു. തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ചുമതലയേൽക്കുന്ന പരിപാടിയും റദ്ദാക്കി. ഞായറാഴ്ച രാവിലെ 11 ന് വികെ ശ്രീകണ്ഠൻ ചുമതലയേൽക്കും.

നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ ജില്ല പങ്കുചേരുന്നതായും കോൺഗ്രസ് കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കെ മുരളീധരന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്‍റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *