കുറുവ മോഷണ സംഘത്തിലെ രണ്ടാമനെ തേടി പൊലീസ് ; ജയിലിൽ കഴിയുന്ന സന്തോഷിനായി കസ്റ്റഡി അപേക്ഷ നൽകി

റിമാൻഡിൽ കഴിയുന്ന കുറുവ സംഘാംഗം സന്തോഷ് സെൽവത്തിനായി പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. ഇയാൾക്കൊപ്പം കുണ്ടന്നൂരിൽ നിന്നും പിടികൂടിയ തമിഴ്നാട് സ്വദേശി മണികണ്ഠനെ ചോദ്യം ചെയ്തു വരികയാണ്. സന്തോഷ് സെൽവത്തെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മറ്റു പ്രതികൾക്കായി വിപുലമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് സ്പെഷ്യൽ സ്‌ക്വാഡ്. അതേസമയം, മണ്ണഞ്ചേരിയില്‍ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന രണ്ടാമനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ ഉടനെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

സന്തോഷ് സെൽവത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠൻ കുറുവ സംഘത്തിൽപ്പെട്ടയാള്‍ ആണോയെന്ന് പൊലീസിന് ഇതുവരെ സ്ഥിരീകരിക്കാനാട്ടില്ല. ആലപ്പുഴയിൽ മോഷണം നടന്ന കാലയളവിൽ മണികണ്ഠൻ കേരളത്തിലില്ലായിരുന്നു.ഒക്ടോബർ 23 മുതൽ നവംബർ 14 വരെ ഇയാള്‍ തമിഴ്നാട്ടിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. പുന്നപ്ര പൊലീസും മണികണ്ടനെ ചോദ്യം ചെയ്തിരുന്നു.

പുന്നപ്രയിൽ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞില്ല. റിമാൻഡിലുള്ള സന്തോഷിനെ കസ്റ്റഡിയിൽ ലഭിച്ചാൽ കുടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. മണ്ണഞ്ചേരിയിൽ സന്തോഷ് സെൽവത്തിനൊപ്പം വീടുകളുടെ അടുക്കള വാതിൽ പൊളിച്ച് അകത്തുകയറി സ്ത്രീകളുടെ സ്വർണം കവർന്ന രണ്ടാമനെ കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. കുറുവാ സംഘത്തിൽ പെട്ട 14 പേരാണ് മോഷണങ്ങൾക്കെ പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഇവരിലേക്ക് ഉടൻ എത്താനാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *