കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കൊട്ടാരക്കര കോടതിയിൽ ആവശ്യപ്പെടും. ഓയൂർ കുട്ടിക്കടത്തിൽ മൂന്നുപേർ മാത്രമാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ടുതന്നെ കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കാൻ സാധ്യതയില്ല. പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപക്ഷ സമർപ്പിക്കും.

തമിഴ്‌നാട്ടിലടക്കം പ്രതികൾ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ് ആണ് നേരത്തെ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്. പ്രതികളെ പിടികൂടിയ ദിവസം ചിത്രങ്ങൾ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയതും ഡിവൈ.എസ്.പി ആയിരുന്നു. ഇൻസ്പെക്ടർമാർ ഉൾപ്പടെ 13 പേർ അന്വേഷണസംഘത്തിലുണ്ടാകും. എ.ഡി.ജി.പി പറഞ്ഞ കാര്യങ്ങളും സാക്ഷികൾ പറയുന്ന കാര്യങ്ങളുമായി പൊരുത്തക്കേടുകളുണ്ട്. അവയെല്ലാം മാറ്റി തെളിവുകൾ കണ്ടെത്തുക എന്നതാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ദൗത്യം. 

Leave a Reply

Your email address will not be published. Required fields are marked *