കുട്ടികളിൽ മയക്കുമരുന്ന്: പോലീസിനെയോ എക്സൈസിനെയോ അറിയിക്കണം: മുഖ്യമന്ത്രി പിണറായി

കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്സൈസിനെയോ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022-23 അക്കാദമികവർഷം ഇത്തരത്തിലുള്ള 325 കേസുകൾ വിവിധ സ്കൂളുകളിൽ ശ്രദ്ധയിൽപ്പെട്ടെങ്കിലും 183 കേസുകൾമാത്രമാണ് എൻഫോഴ്‌സ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ക്ലാസിലും വീട്ടിലും സ്വഭാവത്തിലോ പെരുമാറ്റത്തിലോ വ്യതിയാനം പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ എക്സൈസ്/പോലീസ് അധികൃതരെ രഹസ്യമായി അറിയിച്ച് മെഡിക്കൽ കൗൺസിലർമാരുടെ സേവനം അധ്യാപകർ ഉറപ്പാക്കണം. ഈ മാസം 31-നകം എല്ലാ വിദ്യാലയങ്ങളിലും ജനജാഗ്രതാ സമിതികൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ രണ്ടാഴ്ചക്കകം പതിപ്പിക്കണം. തദ്ദേശസ്ഥാപനതല ലഹരിവിരുദ്ധ ജനജാഗ്രതാ സമിതികൾ മൂന്നു മാസത്തിലൊരിക്കലെങ്കിലും യോഗംചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. ഈ യോഗങ്ങളിൽ ചുമതലയുള്ള എക്സൈസ്/പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *