വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ നൽകാനാകുന്ന റേഡിയോ കോളർ ആണ് മാനന്തവാടിയിൽ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്. വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‍വേഡും നൽകിയാൽ ട്രാക്കിംഗ് വിവരം ലഭിക്കും.
അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളത്. ഒരാളുടെ ജീവൻ നഷ്ടമായത് ദൗർഭാഗ്യകരമാണ്, ആന കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കണ്ടത്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ല, അത്തരത്തിലുള്ള ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേ പറഞ്ഞു