കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കാസർകോട് പാണത്തൂർ സ്വദേശി ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡൻ മാനസികമായി ചൈതന്യയെ പ്രയാസപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു,
അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടിയ്ക്ക് ആദ്യഘട്ടത്തിൽ ചികിത്സ നൽകിയിരുന്നത് മംഗലാപുരത്തായിരുന്നു. പിന്നീട് കണ്ണൂർ ആസ്റ്റർ മിംസിൽ രണ്ടാഴ്ചയോളം ചൈതന്യ ചികിത്സയിൽ കഴിഞ്ഞതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാർഡനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസിന്റെ നീക്കം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാണത്തൂരിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ മൻസൂർ ആശുപത്രിയ്ക്ക് മുന്നിൽ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.