കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക, കരൾ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആർ.സാധന. മക്കൾ: ശ്രീദേവി, പാർവ്വതി.
റിട്ട.അധ്യാപകനായ തച്ചംപൊയിൽ രാഘവൻ നായരുടേയും ദേവി അമ്മയുടേയും മകനായി 1959ലാണ് ജനനം. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥയടക്കമുള്ള നോവലുകളുടെ എഴുത്തുകാരനാണ് ടി പി. ബിരുദപഠനത്തിന് ശേഷം മാധ്യമപ്രവർത്തകനായി ജോലി ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല പിആർഒ ആയിരുന്നു. കവിതകൾ, യാത്രാ വിവരണങ്ങൾ, ലേഖന സമാഹാരം, നോവൽ എന്നിങ്ങനെ സാഹിത്യ മേഖലയിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള വ്യക്തിയാണ് ടി പി രാജീവൻ. കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന കൃതിക്ക് 2014ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു.
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാർ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകൾ. ഇതിൽ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും ചലചിത്രമായി ചിത്രീകരിച്ചിട്ടുണ്ട്.